Monday 11 December 2017

യേശു ഇന്നും ദൈവമക്കളുടെ ഹ്രുദയത്തില്‍ ജനിക്കുന്നു.

രണ്ടായിരം വര്ഷങ്ങള്‍ക്കു മുന്‍പു ദൈവപുത്രന്‍, യേശു, മറിയത്തിന്‍റെ ഉദരത്തില്‍ ഉരുവാകുകയും ബദലഹേമില്‍ ജനിക്കുകയും ചെയ്തു. യേശുവിന്‍റെ ജനനം അതുകൊണ്ടു അവസാനിച്ചൊ? ഇന്നും യേശു ജനിക്കണമോ? ജനിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ എവിടെ?

"ദൂതന്‍ അവ ളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്‍ത്താവ്‌ നിന്നോടുകൂടെ!

ഈ വചനം കേട്ട്‌ അവള്‍ വളരെ അസ്വസ്‌ഥയായി; എന്താണ്‌ ഈ അഭിവാദനത്തിന്‍െറ അര്‍ഥം എന്ന്‌ അവള്‍ ചിന്തിച്ചു.

ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു.

നീ ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്ന്‌ പേരിടണം.
അവന്‍ വലിയ വനായിരിക്കും; അത്യുന്നതന്‍െറ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്‍െറ പിതാവായ ദാവീദിന്‍െറ സിംഹാസനം ദൈവമായ കര്‍ത്താവ്‌ അവനു കൊടുക്കും.
യാക്കോ ബിന്‍െറ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്‍െറ രാജ്യത്തിന്‌ അവസാനം ഉണ്ടാകയില്ല.

മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ.
ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്‌ധാത്‌മാവ്‌ നിന്‍െറ മേല്‍ വരും; അത്യുന്നതന്‍െറ ശക്‌തി നിന്‍െറ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്‌ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.

ഇതാ, നിന്‍െറ ചാര്‍ച്ചക്കാരി വൃദ്‌ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്‌ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക്‌ ഇത്‌ ആറാം മാസമാണ്‌. ദൈവത്തിന്‌ ഒന്നും അസാധ്യമല്ല.

മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്‍െറ ദാസി! നിന്‍െറ വാക്ക്‌ എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു." ( ലൂക്ക .1:28 - 38 )

ലൂക്കോസിന്‍റെ സുവിശേഷം 1: 28 - 38 പരിശോധിച്ചാല്‍ അതില്‍ പ്രധാനപ്പെട്ട മൂന്നു കാര്യങ്ങള്‍ എടുത്തു പറയാം. യേശുവിന്‍റെ ജനനത്തിനു മുന്നോടിയായി മറിയത്തില്‍ സംഭവിച്ചതു.

1) അവള്‍ അസ്വസ്ഥയായി.

2) എന്താണു ഇതിന്‍റെ അര്ത്ഥമെന്നു അവള്‍ ചിന്തിച്ചു.

3) ഇതാ കര്ത്താവിന്‍റെ ദാസി നിന്‍റെ വാക്കു എന്നില്‍ നിറവേറട്ടെ.

ഒരുവനില്‍ യേശു ജനിക്കുന്നതിനു ആദ്യപടി അവനിലെ അസ്വസ്ഥതയാണു എടുത്തുപറയാനുള്ലതു. . ഒരുതരത്തിലുള്ള സഹനം അവനില്‍ ഉണ്ടാകുന്നു. ഏതെങ്കിലും തരത്തിലുള്ള പീഠനമാകാം, നഷ്ടങ്ങളാകാം, അസുഖങ്ങളാകാം. മറിയത്തെ സംബധിച്ചുപറഞ്ഞാല്‍ മരണഭയത്തിനു തുല്ല്യമായ സഹനമാണു അവള്‍ക്കു അനുഭവപ്പെടുക. വിവാഹവാഗ്ദാനം ചെയ്ത കന്യക അവര്‍ സഹവസിക്കുന്നതിനു മുന്‍പു ഗര്‍ഭിണിയായി കാണപ്പെട്ടാല്‍ കല്ലെറിഞ്ഞുകൊല്ലും. അതു അറിയാവുന്ന മറിയത്തിനു അതി കഠിനമായ സഹനം അതില്‍ക്കൂടി അനുഭവിച്ചിട്ടുണ്ടാകാം.

രണ്ടാമതായി " ഇതിന്‍റെ അര്ത്ഥം എന്തു? " എന്നു അവന്‍ ചിന്തിക്കണം. ഈ അസ്വസ്ത്തക്കു കാരണം എന്തു? എന്നില്‍ എന്താണു കുറവു? യേശു എന്നില്‍ ജനിക്കാന്‍ തക്ക ഒരുക്കം എനിക്കുണ്ടോ? ഇല്ലെങ്കില്‍ എന്നില്‍ എന്തു മാറ്റം വരുത്തണം? ഏതുതരത്തിലുള്ള മാനസാന്തരമാണു എന്നില്‍ നടക്കേണ്ടതു? ഞാന്‍ മാറണം. യേശു എന്നില്‍ ജനിക്കാനായി ഞാന്‍ എന്നെതന്നെ ഒരുക്കണം. അതിനു ഞാന്‍ എന്തുചയ്യണം? അതു എന്നെ പഠിപ്പിക്കാനല്ലേ ഈ സഹനങ്ങള്‍ ഒക്കെ എനിക്കുതന്നതു?

മൂന്നാമതായി സമര്‍പ്പണമാണു. എന്നെതന്നെ ഞാന്‍ പൂര്ണമായും ദൈവത്തിനു സമര്‍പ്പിക്കണം. മറിയം പറഞ്ഞു " ഇതാ കര്ത്താവിന്‍റെ ദാസി നിന്‍റെ വാക്കു എന്നില്‍ നിറവേറട്ടെ "

ഇവിടെ നാം കാണുന്നതു പരിപൂര്ണ സമര്‍പ്പണമാണു. ദൈവത്തിന്രെ തിരുമുന്‍പില്‍ നമ്മേ തന്നെ അടിയറവു വയ്ക്കുവാന്‍ നമുക്കു കഴിയണം. എന്നിട്ടു അവിടുത്തെ ഹിതം എന്നില്‍ നിറവേറട്ടെയെന്നു നാം പറയണം.

പലപ്പോഴും നാം നമ്മുടെ ഹിതം നിറവേറാനാണു പ്രാര്ത്ഥിക്കുക, നമ്മുടെ ഇഷ്ടമെല്ലാം അതേപടി സാധിച്ചുതരണമെന്നാണു നാം ആവശ്യപ്പെടുക. എന്നാല്‍ മറിയം അപ്രകാരമല്ലായിരുന്നു, ദൈവഹിതത്തിനു തന്നെതന്നെ പരിപൂര്ണമായി സമര്‍പ്പിക്കുകയാണു ചെയ്തതു. അതിനാല്‍ യേശു നമ്മില്‍ ജനിക്കാന്‍ പരിപൂര്ണമായ സമര്‍പ്പണവും അതുപോലെ ദൈവഹിതം പൂര്ണമായും എന്നില്‍ നിറവേറട്ടെയെന്നു ആഗ്രഹിക്കുകയും വേണം.

ഈ മൂന്നു ഘടകങ്ങളും പൂര്ണമായാല്‍ യേശു ഇന്നും നമ്മില്‍ ജനിക്കും! നമ്മുടെ ഹ്രുദയത്തില്‍ ജനിക്കും.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...