Friday 31 March 2017

അനുതാപവും കുമ്പസാരവും !

പരിശുദ്ധാത്മാവാണു സഭയെ നയിക്കുന്നതു . അതിന്‍റെ ഒരു തെളിവാണു കാലോചിതമായി സഭാനവീകരണം നടക്കുന്നതു . ഈ കാലഘട്ടത്തിന്‍റെ ഒരു വലിയ ആവശ്യമായിരുന്നു സഭയെ നയിക്കാന്‍ വി.പത്രോസിന്‍റെ പിന്‍ഗാമിയായി ഫ്രാന്സീസ് മാര്‍ പാപ്പാ വരേണ്ടതു .
 
" Servus servorum Dei "എന്നതു വെറും ഒരു ഭംഗിവാക്കല്ലെന്നു പാപ്പായെ സംബന്ധിച്ചു അര്ത്ഥശങ്കക്കു ഇടയില്ലാതെ തീര്ത്തും പറയാം .

" ഓരോ മനുഷ്യനും ഒരു പെനി " എന്ന നോവലിലെ കഥ പാപ്പാ പറഞ്ഞതു വളരെ ശ്രദ്ധേയമാണു .
" ഒരു മിലിറ്ററി വൈദീകനായിരുന്നു ഗാസ്റ്റന്‍ .വധശിക്ഷക്കു വിധിക്കപ്പെട്ട ഒരുവന്‍റെ അവസാനത്തെ കുമ്പസാരം കേള്‍ക്കുകയായിരുന്നു. അദ്ദേഹം . നിരവധി സ്ത്രീകളുമായി അയാള്‍ക്കുണ്ടായിരുന്ന ബന്ധത്തെ പറ്റി അയാള്‍ എണ്ണിപ്പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ അതേക്കുറിച്ചു മനസ്താപമുണ്ടോയെന്നു ഗാസ്റ്റന്‍ അച്ചന്‍ ചോദിച്ചു.
ഞാനെങ്ങനെയാണു അതേക്കുറിച്ചു മനസ്തപിക്കുക ? അവയെ ക്കുറിച്ചു ഒന്നും എനിക്കു കുറ്റബോധമില്ല. കാരനം എനിക്കു ഏറ്റം ഇഷ്ടപ്പെട്ടകാര്യങ്ങളായിരുന്നു അവയെല്ലാം. അവസരം കിട്ടിയാല്‍ ഇനിയും ഞാന്‍ അതു ചെയ്യും പിന്നെ എങ്ങനെ ഞാന്‍ മനസ്തപിക്കും? 
 
Image result for The name of God is mercy

പാപ്പാ എടുത്തുപറയുകയാണു മരണത്തിന്‍റെ വക്കത്തു നില്ക്കുന്നയാളാണു അതെന്നു ഓര്‍ക്കണം .അവനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നു ഒര്ത്തു അച്ചന്‍ ആലോചിച്ചു. എന്നിട്ടു അവനോടു ചോദിച്ചു എങ്കില്‍ അവയെ ഒര്ത്തു മനസ്താപം വരുന്നില്ലയെന്നതിനെ ഓര്ത്തു നിനക്കു മനസ്താപം ഉണ്ടോ ? ചെറിയ ഒരു മൌനത്തിനുശേഷം ആ ചെറുപ്പക്കാരന്‍ തലയാട്ടി. അതോടെ ഗാസ്റ്റന്‍ അച്ചന്‍ അയാള്‍ക്കു പാപമോചനം നല്കുകയും ചെയ്തു .

ഗാസ്റ്റന്‍ അച്ചന്‍റെ കുമ്പസാരം വിവരിച്ചിട്ടു പാപ്പാ ഇപ്രകാരം പറഞ്ഞു. " തീര്ത്തും അടഞ്ഞുകിടക്കുന്ന ഒരു വാതിലില്‍ ചെറിയൊരു വിടവു ഉണ്ടായാല്‍ മതി അതിലൂടെ തമ്പുരാന്‍ അകത്തു പ്രവേശിക്കും. അതാണു ദൈവകാരുണ്യ്ത്തിന്‍റെ രീതി. (The name of God is Mercy 33 )

എന്നിട്ടു പാപ്പാ ധൂര്ത്ത പുത്രന്‍റെ കഥയിലേക്കു കടന്നു.
" പാപമോചനം നല്കാനുള്ള ചെറിയോരവസരം പോലും കര്ത്താവു ഉപേക്ഷിക്കില്ല. നിവിര്ത്തിപ്പിടിച്ച കരങ്ങളുമായി മക്കളെകാത്തു നില്ക്കുന്ന പിതാവാണു ദൈവം .നമ്മുടെ തിരിച്ചു വരവും പ്രതീക്ഷിച്ചു എന്നും ചക്രവാളത്തില്‍ കണ്ണും നട്ടു കാത്തു നില്ക്കുകയാണു തമ്പുരാന്‍. ( NGM xix )

അകലെ വച്ചെ അപ്പന്‍ മകനെ കണ്ടു .അവനു എന്തെങ്കിലും പറയാന്‍ പറ്റുന്നതിനു മുന്‍പു തന്നെ അവന്‍റെ അടുത്തു ഓടിയെത്തി. അവന്‍ പാപങ്ങള്‍ ഏറ്റുപറയുന്നതിനുമുന്‍പേ പിതാവു അവനെ കെട്ടിപ്പിടിച്ചു ചുംബിക്കുന്നു. ഇതാണു ദൈവത്തിന്‍റെ കാരുണ്യം. (The name of God is mercy 45 )

ചുരുക്കത്തില്‍ അനുതാപത്തിന്‍റെ ഒരു ചെറിയ ഘടകമെങ്കിലും ഉണ്ടെങ്കില്‍ പാപം മോചിക്കപ്പെടും

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...