Friday 24 March 2017

സന്യാസം !

സന്യാസത്തിനു ക്രിസ്തീയ സഭയില്‍ മൂന്നു വ്രതങ്ങള്‍ സ്വീകരിക്കുന്നു.

അനുസരണം, ബ്രഹ്മചര്യം, ദാരിദ്യം. മലങ്കരസഭയില്‍ മെത്രാനും സന്യാസിയാണു. അതിനാണു ആദ്യം റമ്പാന്‍ പട്ടം കൊടുക്കുക. വൈദികരും സന്യാസവൈദികരും സെക്കുലര്‍ വൈദികരും ഉണ്ടു. എല്ലാവരും ബ്രഹ്മചര്യം പാലിക്കേണ്ടതാ്ണു. അതൊരു വ്രതമാണു. യേശുവും, യോഹന്നാന്‍ അപ്പതോലനും പൌലോസ് അപ്പസ്തോലനും ഒക്കെ കന്യാവ്രുതക്കാരായിരുന്നു.

അനുസരണം എന്നാൽ അടിമത്തമല്ലെന്ന തിരിച്ചറിവും ഉണ്ടാകണം. ഈഗോയിൽനിന്നും ഈശോയിലേക്ക് വളരുമ്പോൾ അനുസരണം ഒരു ഭാരമായി തോന്നില്ല.

സന്യാസം തിരഞ്ഞെടുക്കുന്ന പുരുഷന്മാര്‍ ആസ്രമങ്ങളിലും സ്ത്രീകള്‍ കന്യാമഠങ്ങളിലും കൂട്ടമായി  താമസിക്കുന്നു.

വീണുപോകുന്നവര്‍

പ്രയാസം നിറഞ്ഞ ഈ ജീവിതപാതയിലേക്ക് വന്ന ചിലരെങ്കിലും വഴിയരുകിൽ തളർന്നു വീഴുന്നു എന്നത് സത്യമാണ്. വിരലിലെണ്ണാവുന്ന ഇത്തരം ചില സംഭവങ്ങളെ ഉയർത്തിക്കാണിച്ച് സന്യസ്തജീവിതം മുഴുവൻ മലീമസമാണെന്ന് വരുത്തിത്തീർക്കാൻ ചില തല്പരകക്ഷികൾ ശ്രമിക്കുന്നുണ്ട്. സ്വന്തം സമർപ്പണത്തിന്റെ അഭാവംകൊണ്ട് സന്യാസജീവിതം ഉപേക്ഷിക്കേണ്ടി വന്നവരും വിശുദ്ധ വസ്ത്രത്തിനുള്ളിൽ അഹങ്കാരത്തിന്റെ കുട്ടിപ്പിശാചുക്കൾക്ക് അഭയം നൽകിയവരുമൊക്കെ ഇത്തരം ഗൂഢശക്തികൾക്കൊപ്പം ചേരുകയും ചെയ്യുന്നു. അതിന്റെ ഫലമായി സന്യാസിനികളെ ദൈവത്തിന്റെ മാലാഖമാരായി കണ്ട സമൂഹം, ആസക്തികളുടെ സംശയം നിറഞ്ഞ കണ്ണുകളുമായി അവരെ നോക്കുന്നു. വിശുദ്ധ കൂടാരങ്ങളിൽനിന്ന് അശുദ്ധിയുടെ പുക ഉയരുന്നു എന്ന് സമൂഹത്തെ വിശ്വസിപ്പിച്ച് ചിലർ മുതലെടുപ്പ് നടത്തുകയും ചെയ്യുന്നു.

വീഴ്ച്ചകള്‍ കുടുംബജീവിതത്തിലും സംഭവിക്കുന്നു.

ദീർഘകാല പ്രണയത്തിനുശേഷം വിവാഹിതരായ പലരും വിവാഹമോചനത്തിനായി കുടുംബക്കോടതിക്കു മുമ്പിൽ ക്യൂ നിൽക്കുന്ന ഇക്കാലത്ത് ഇടുങ്ങിയ വഴിയിൽക്കൂടി യാത്രയാരംഭിച്ച ചിലർ ഇടറിവീഴുന്നതിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു.? ജീവിതവഴികളിൽ ഒന്നിടറി വീണു എന്നത് ശിഷ്യത്വത്തിന്റെ അവസാനമൊന്നുമല്ല. വളരെ നിർണായകമായ ഒരു നിമിഷത്തിൽ ഇടറിപ്പോയ പത്രോസിനെയാണ് ക്രിസ്തു സ്വർഗത്തിന്റെ താക്കോലുകൾ ഏൽപിച്ചത് എന്നത് ഇവിടെ ചേർത്തുവായിക്കാവുന്നതാണ്. സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും അളവുകോൽ കൊണ്ടല്ല സന്യസ്തർ അളക്കപ്പെടേണ്ടത്. മറിച്ച് ക്രിസ്തുവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. അസത്യങ്ങളുടെ പുകച്ചുരുൾ സൃഷ്ടിച്ച് വിശുദ്ധ കൂടാരങ്ങൾക്കെതിരെ പടവാളുയർത്തുന്നവർ തീർച്ചയായും നിരാശപ്പെടേണ്ടിവരും.                                                  

മദര്‍ തെരേസയുടെ മഠങ്ങളും അതുപോലെ ആതുരസേവനം മാത്രം ജീവിതമായി കണ്ടു സഹനത്തില്‍ ക്കൂടി ജീവിതം സമര്‍പ്പിക്കുന്ന എത്രയോ സന്യാസ സഭകളെ നമുക്കു കാണാന്‍ സാധിക്കും.

ദൈവത്തിന്‍റെ കരം ഇവരില്ക്കൂടി പ്രവര്ത്തിക്കുന്നു.

സന്യാസഭവനങ്ങളിൽ നിന്നുയരുന്ന പ്രാർത്ഥനാമന്ത്രങ്ങളെയും പ്രവൃത്തികളിൽ വിരിയുന്ന കാരുണ്യപ്രഭയെയും നിഷ്പ്രഭമാക്കാൻ ഇത്തരം അപവാദപ്രചരണങ്ങൾക്കാകില്ല. ക്രൈസ്തവ സന്യാസത്തെ ഇത്രയേറെ കരിതേച്ചു കാണിക്കാൻ പലരും ശ്രമിച്ചിട്ടും അനേകം പുതുനാമ്പുകൾ നമ്മുടെ വിവിധ സന്യാസശിഖിരങ്ങളിൽ ചേക്കേറുന്നു എന്നത് അഭിമാനത്തോടെ നോക്കിക്കാണേണ്ട ഒരു വസ്തുതയാണ്. ഇവിടെയാണു ദൈവത്തിന്‍റെ കരം കാണാന്‍ സാധിക്കുക.

സന്യാസത്തിന്റെ ഉത്ഭവചരിത്രം  

മതപീഡനങ്ങളുടെ കാലം അവസാനിച്ചപ്പോൾ രക്തസാക്ഷിത്വത്തിനുള്ള സാധ്യതകൾ പരിമിതമായി. ഇതിനൊരു പരിഹാരമെന്നോണമാണ് വിവിധ പാരമ്പര്യങ്ങളിൽ സന്യാസം ആരംഭിച്ചത്. ഒരിടത്തും സുരക്ഷിതമായ വഴികളിൽ കൂടിയായിരുന്നില്ല സന്യാസത്തിന്റെ വളർച്ചയും വികാസവും.

പഴയകാലത്തു സ്വയം പീഡനങ്ങളിലൂടെ സഹനത്തെ നെഞ്ചോടു ചേർക്കുന്ന രീതികൾ പോലും നമ്മുടെ സന്യാസപാരമ്പര്യങ്ങളിലുണ്ടായിരുന്നു. എന്നാല്‍  
ഇന്ന് സഹനത്തിന്റെ വഴികൾ വിപുലമായി എന്നുമാത്രം. ക്രിസ്തുവിന്റെ പീഡകളെ സ്വപ്നംകണ്ട് കർമ്മവേദികളിൽ മറ്റുള്ളവർക്കുവേണ്ടി മുറിക്കപ്പെട്ട് ദൈവത്തിനുള്ള സമ്മാനമായി ഉരുകിത്തീരുന്ന ജീവിതമാണ് ഓരോ സന്യാസിയുടേയും, സന്യാസിനിയുടെയും ജീവിതം. നമ്മുടെ സന്യാസികൾ ഏറെ വിലപ്പെട്ട ജീവിതവും അതിന്റെ നിറക്കൂട്ടുകളും വേണ്ടെന്നുവച്ച് കുരിശിന്റെ വഴിയെ ഇറങ്ങിയത് ഏതെങ്കിലുമൊരു നിമിഷത്തെ ഉപരിപ്ലവമായ ആവേശംകൊണ്ടല്ല. ആത്മാവിനുള്ളിൽ ജ്വലിക്കുന്ന അഗ്നി ഉള്ളതുകൊണ്ടാണെന്ന് അവരുടെ പ്രവൃത്തികൾ സാക്ഷ്യപ്പെടുത്തുന്നു.

സന്യാസമെന്നത് ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമല്ല. മറിച്ച് ക്രൂശിതന്റെ പിന്നാലെ നീങ്ങാനുള്ള ധൈര്യത്തിൽനിന്നും ആവിർഭവിക്കുന്ന ജീവിതക്രമമാണിത്. ദൈവത്തോടും മനുഷ്യനോടുമുള്ള ശരിയായ അനുപാതത്തിലുള്ള സ്‌നേഹമാണ് സന്യാസത്തെ മുൻപോട്ടു നയിക്കുന്ന ഇന്ധനം. ഉള്ളിലെ സ്‌നേഹം തീർന്നുപോയാൽ ക്രൈസ്തവ സന്യാസജീവിതം ജീവിക്കാൻ ആർക്കുമാകില്ല. സ്‌നേഹത്തിൽനിന്ന് ഉത്ഭവിക്കാത്തതെല്ലാം യാന്ത്രികതയും കാപട്യവുമാണ്. അവിടെ ക്രിസ്തുവിന് സ്ഥാനമില്ല. സമൂഹമുയർത്തുന്ന സംശയങ്ങൾക്കും കിംവദന്തികൾക്കുമിടയിലും പരാതിയും പരിഭവവുമില്ലാതെ നന്മയുടെ സങ്കേതങ്ങളായി ക്രൈസ്തവ സന്യാസഭവനങ്ങൾ എന്നുമിവിടെയുണ്ടാകും. നാമുറങ്ങുമ്പോൾ പ്പോലും വിരിക്കപ്പെട്ട കരങ്ങളുമായി ഈ ഭൂമിക്കവർ കാവൽനിൽക്കും; ക്രിസ്തുവിന്റെ കരുണയുടെ ആൾ രൂപങ്ങളായി. ആതുരാലയങ്ങളിലും അധ്യാപനത്തിലും എല്ലാം അവരുണ്ടാകും. നന്മയുടെ ശേഷിപ്പുകളായി, വിശുദ്ധിയെന്നത് കാലഹരണപ്പെട്ട പദമല്ലെന്ന് നമ്മെ ഓർമിപ്പിച്ചുകൊണ്ട് പീഠത്തിലുയർത്തിയ ദീപംപോലെ ഈ പുണ്യജീവിതങ്ങൾ ഇവിടെയുണ്ടാകണമെന്നുള്ളതു ദൈവനിശ്ചയമാണു.

ഇന്നു ആരംഭത്തില്‍ ഉണ്ടായിരുന്ന തീക്ഷ്ണത കുറഞ്ഞു പോകുന്നതുകൊണ്ടാകാം പലരും വീണുപോകാന്‍ കാരണമാകുന്നതു. എതെങ്ങ്കിലും വീഴ്ച്ചകണ്ടാല്‍ ചെറുതാണെങ്കില്‍ തിരുത്തും. തിരുത്താവുന്നതിലും വലിയ വീഴ്ച്ചവന്നാല്‍ അവരെ പുറത്താക്കുകയോ അവര്‍ തന്നെ പിരിഞ്ഞുപോകയോ ചെയ്യും. അതുകൊണ്ടു എല്ലാവരേയും അടച്ചാക്ഷേപിക്കുന്നതു ശരിയല്ല. കുടുംബജീവിതത്തിലും പാളിച്ചകള്‍ സംഭവിക്കുന്നു. അതിനാല്‍ ഇനിയും ആരും കുടുംബജീവിതം തിരഞ്ഞെടുക്കേണ്ടെന്നു ആരെങ്കിലും പറയുമോ ?

സഭയുടെ നിലനില്പ്പിനു തന്നെ വലിയ പരീക്ഷണഘട്ടം ഉണ്ടായപ്പോള്‍, സഭാവിരോധികള്‍ സഭവിട്ടു പോയപ്പോള്‍, വിശ്വാസത്യാഗികള്‍ ഉണ്ടായപ്പോള്‍, അബദ്ധസിദ്ധാന്തങ്ങളുമായി പലരും തല ഉയര്ത്തിയപ്പോഴൊക്കെ സഭയെ താങ്ങി നിര്ത്തിയതു സന്യാസികളായിരുന്നു. അതൊന്നും നാം മറക്കരുതു !

ധന്യമായ ഈ ജീവിതങ്ങൾക്ക് മുൻപിൽ ആയിരം പ്രണാമം.

സഭയിലെ സന്യാസസഭകളെ ദൈവത്തിനു സമര്‍പ്പിക്കുന്നു.  

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...