Monday 25 January 2016

ദൈവത്തിന്‍റെ പേരെന്താണു ??

 ( ഹ്രുദയ വയലിനോടു കടപ്പാടു )

ആരൊക്കെയോ ചേര്‍ന്നു മാറ്റിമറിച്ച ദൈവത്തിന്‍റെ ആപേരു വീണ്ടെടുക്കണം

ദൈവത്തിന്‍റെ പേരു കരുണയെന്നാണു

ഫ്രാന്‍സിസ് പാപ്പായുടെ പുതിയ പുസ്തകത്തിന് അദ്ദേഹം പേരിട്ടിരിക്കുന്നത് ഇങ്ങനെയാണ്: ‘ദൈവത്തിന്റെ പേര് കരുണ എന്നാണ്’. ഇതിനകം ലോകശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞ പുസ്തകമാണിത്. ദൈവത്തിന്റെ പേരെന്താണെന്ന് ആരും ചോദിച്ചു പോകുന്ന കാലമാണിത്. ദൈവനാമത്തില്‍ മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന, വംശഹത്യകള്‍ ആഘോഷമാക്കുന്ന ഈ കാലഘട്ടത്തില്‍ ആരും ചോദിച്ചു പോകും: ശരിക്കും ദൈവത്തിന്റെ പേരെന്താണ്?


മദര്‍ തെരേസയുടെ ജീവിതത്തില്‍ ഒരു സംഭവം കേട്ടിട്ടുണ്ട്. വ്രണങ്ങളാല്‍ നിറഞ്ഞ്, ആരും തിരിഞ്ഞു നോക്കാനില്ലാതെ വഴിയില്‍ പുഴുവരിച്ചു കിടന്ന ഒരു മനുഷ്യനെ മദര്‍ എടുത്ത് ആര്‍ദ്രതയോടെ ശുശ്രൂഷിച്ചു. മദറിന്റെ കാരുണ്യം അയാളുടെ ഹൃദയത്തെ തൊട്ടു. അവസാനം വ്രണങ്ങള്‍ പൊറുത്തു തുടങ്ങിയപ്പോള്‍ ആ മനുഷ്യന്‍ മദറിനോട് ചോദിച്ചുവത്രേ ‘അമ്മയുടെ പേര് ദൈവം എന്നാണോ?’

യാഹ്വേ എന്നാണ് ദൈവം തന്റെ പേര് മോശയ്ക്കു വെളിപ്പെടുത്തി കൊടുത്തത്. ദൈവത്തിന്റെ വിദൂരതയെ സൂചിപ്പിക്കുന്ന ആ പേര് ഉച്ചരിക്കാന്‍ പോലും ഇസ്രായേല്‍ ജനം ഭയന്നിരുന്നു. ആകാശമേഘങ്ങള്‍ക്കപ്പുറമെങ്ങോ ഉള്ള ഒരു അജ്ഞാത ശക്തി. പിന്നെയാണ് ക്രിസ്തു ഭൂമിയിലേക്കു വന്നത്. ആ ക്രിസ്തുവിന്റെ കണ്ണാല്‍ കാണുകയും ആ മിഴിയോരങ്ങളില്‍ നിന്നുമൊഴുകുന്ന സ്‌നേഹാരുവിയില്‍ നനയുകയും ചെയ്ത യോഹന്നാന്‍ പിന്നീട് ദൈവത്തിന് കൊടുത്ത പേരാണ് സ്‌നേഹം.


മനുഷ്യര്‍ മാറി മാറി വന്നു, ഈ ഊഴിയില്‍. ദൈവമനുഷ്യര്‍ എന്നും മനുഷ്യദൈവങ്ങള്‍ എന്നും പറഞ്ഞെല്ലാം. അവരുടെ നന്മകളും തിന്മകളും കാപട്യങ്ങളും കണ്ടമ്പരന്ന പാവം ജനം ദൈവത്തിന് പല പേരുകള്‍ നല്‍കി. ദൈവനാമത്തിലുള്ള ചൂഷണങ്ങള്‍ കണ്ടവരും കോപിച്ച് മുച്ചൂടും മുടിക്കുന്ന ദൈവത്തെ കുറിച്ചു കേട്ടവരും ദൈവത്തിന് പേടിയുളവാക്കുന്ന പേരുകള്‍ നല്‍കി. ദൈവനാമത്തില്‍ മനുഷ്യരെയും മറ്റു മതക്കാരെയും കൊല്ലാനുള്ള പ്രത്യേക ലൈസന്‍സുള്ളവരെ കണ്ട് ലോകം ദൈവത്തിന് ഭീകരമായ നാമം പതിച്ചു നല്‍കി.

മനുഷ്യര്‍ തങ്ങളുടെ അധമപ്രവര്‍ത്തികളും ക്രൂരതകളും കൊണ്ട് ദൈവത്തിന്റെ പേര് മാറ്റിമാറ്റിയെഴുതുന്ന ഈ കാലത്തില്‍ മാഞ്ഞു പോയ മിഴിനീര്‍ നനവുള്ള ഒരു ദൈവത്തിന്റെ ചിത്രം വീണ്ടെടുക്കേണ്ടത് കാലത്തിന്റെ ആവശ്യമായിരുന്നു. അതാണ് ഈ കനത്ത കാലത്തില്‍ ഫ്രാന്‍സിസ് എന്ന മനുഷ്യത്വത്തിന്റെ പാപ്പാ ചെയ്തു കൊണ്ടിരിക്കുന്നത്. ദൈവനാമത്തില്‍ മനുഷ്യന് കരുണ നിഷേധിക്കപ്പെടുന്ന ഈ കാലത്തില്‍ അദ്ദേഹം കരുണയുടെ വര്‍ഷം പ്രഖ്യാപിച്ചു. സാധാരണക്കാരന്റെ ലളിതമായ ഭാഷയില്‍ കുറിച്ചിട്ട പുസ്തകത്തിന് അദ്ദേഹം പേരിട്ടു: ‘ദൈവത്തിന്റെ പേര് കരുണ എന്നാണ്’.

‘എനിക്കും വേണം കരുണ, ഈ പാപ്പയ്ക്കും വേണം ദൈവത്തിന്റെ കരുണ.’ അദ്ദേഹം തന്റെ പുസ്തകത്തില്‍ കുറിച്ചു വച്ചു. താരസിംഹാസനങ്ങളില്‍ വിരാചിക്കുന്ന ദേവതുല്യനല്ല; കുമ്പസാരിക്കുന്ന, തടവുകാരോട് താദാത്മ്യം പ്രാപിക്കുന്ന പച്ചമനുഷ്യനാണ് താന്‍ എന്നു വിളിച്ചു പറയാനും അദ്ദേഹം മടിച്ചില്ല.


ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ലോകോത്തര ചിത്രത്തിന്റെ സംവിധായകനും നായകനുമായ റോബര്‍ട്ടോ ബെനിഞ്ഞീനിയെന്ന ഓസ്‌കര്‍ ജേതാവായ ഇറ്റാലിയന്‍ മഹാനടന്‍ ഫ്രാന്‍സിസ് പാപ്പായുടെ പുതിയ പുസ്തകത്തിന്റെ പ്രകാശനകര്‍മത്തിന് മധ്യേ വിളിച്ചു പറഞ്ഞു: ഈ പാപ്പായെ കുറിച്ച് വാചാലനാകാതിരിക്കാന്‍ എനിക്കാവില്ല! ഈ മനുഷ്യന്‍ കരുണയുടെ ഉറവയാണ്. അദ്ദേഹത്തിന്റെ നടവഴികളില്‍ കരുണയൊഴുകുന്നു…

മനുഷ്യത്വത്തെ കണ്ടില്ലെന്നു നടിക്കുന്ന ആത്മീയതയല്ല, നനവുള്ള ആര്‍ദ്രമായ ആത്മീയതയാണ് അദ്ദേഹം പ്രഘോഷിക്കുന്നത്. പതിനേഴാം വയസ്സിലെ അനുഭവം പുസ്തകത്തില്‍ പങ്കുവയ്ക്കുന്നത് ഇപ്പോഴും അദ്ദേഹം ഏത്രയേറെ ആര്‍ദ്രത ഉള്ളില്‍ സൂക്ഷിക്കുന്നു എന്നതിന് തെളിവാണ്. തനിക്ക് കാരുണ്യത്തിന്റെ ആദ്യാനുഭവം പകര്‍ന്നു തന്ന ഫാ. ഇബാറ രക്താര്‍ബുദം ബാധിച്ച് മരണമടഞ്ഞ ദിവസം മുറിക്കുള്ളിലേക്കു മടങ്ങിയെത്തിയ പതിനേഴുകാരന്‍ ബര്‍ഗോളിയോ ഒരു രാവ് മുഴുവന്‍ കരഞ്ഞു തീര്‍ത്തു!

ഈ ദൈവത്തെ കരുണ എന്നു വിളിക്കണം – ഫ്രാന്‍സിസ് പറയുന്നു. വറ്റി പ്പോയ മണ്ണിന്റെ കരുണയുടെ ഉറവകള്‍ വീണ്ടെടുക്കണം. ആരൊക്കെയോ ചേര്‍ന്ന് മാറ്റിപ്പറയിച്ച ദൈവത്തിന്റെ ആ പേര് വീണ്ടെടുക്കണം. ‘ദൈവത്തിന്റെ പേര് കരുണ എന്നാണ്!’

Be aware of the mercy of God . Thank you 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...